പുനലൂർ ബാലനെ അനുസ്മരിച്ചു

പുനലൂർ ബാലൻ ഫൗണ്ടേഷനും ഒ.വി. വിജയൻ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘നിന്നെയോർക്കാൻ നേരമായി’ പരിപാടിയിൽ കവിയും ഗാനരചയിതാവും അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനും പത്രാധിപരുമായിരുന്ന പുനലൂർ ബാലനെ അനുസ്മരിച്ചു. ഫെബ്രുവരി 16ന് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ.എൻ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സാധാരണ വാക്കുകൾ കൊണ്ടല്ല പുനലൂർ ബാലൻ തന്റെ കവിതയിൽ ബിംബം നിർമ്മിക്കുന്നതെന്ന് അദ്ദേഹം പുനലൂർ ബാലനെ അനുസ്മരിച്ചു. നിരർത്ഥകം എന്ന് തോന്നിക്കുന്ന വാക്കുകളുടെ കൂട്ടം കൊണ്ടാണ് പുനലൂർ ബാലൻ കവിതകളുടെ നിർമ്മിതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന സമ്മേളനത്തിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ.ടി.കെ. നാരായണദാസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി മുഖ്യാതിഥിയായി. ശ്രീ.നിതിൻ കണിച്ചേരി ആശംസകളർപ്പിച്ച് സംസാരിച്ചു. ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ.അജയൻ സ്വാഗതവും പുനലൂർ ബാലൻ ഫൗണ്ടേഷൻ സെക്രട്ടറി ശ്രീ.വി.വിഷ്ണുദേവ് നന്ദിയും പറഞ്ഞു.

തുടർന്ന് ‘പുനലൂർ ബാലൻ കവിതകളിലെ തൊഴിലാളി വർഗ്ഗ സംസ്കാരം’ എന്ന വിഷയത്തിൽ കവിയും പ്രഭാഷകനും പുനലൂർ ബാലൻ ഫൗണ്ടേഷൻ പ്രസിഡന്റുമായ അഡ്വക്കറ്റ് ഡി.സുരേഷ് കുമാറും ‘പുനലൂർ ബാലന്റെ കാവ്യലോകം’ എന്ന വിഷയത്തിൽ ഡോക്ടർ പി.ആർ. ജയശീലനും പ്രഭാഷണങ്ങൾ നടത്തി. മലയാള സാഹിത്യലോകത്തെ വെള്ളിനക്ഷത്രമായ പുനലൂർ ബാലനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചർച്ച ചെയ്ത രണ്ട് പ്രഭാഷണങ്ങളും ശ്രദ്ധേയമായി. പാലക്കാട്ടെ കവികൾ പുനലൂർ ബാലന് സ്വന്തം കവിതകളാൽ പ്രണാമമർപ്പിച്ച കവിസമ്മേളനവും അനുസ്മരണ സമ്മേളനത്തിന്റെ മാറ്റുകൂട്ടി. ശ്രീമതി.ജ്യോതിബായ് പരിയാടത്ത്, ശ്രീമതി.എം.പി.പവിത്ര, ശ്രീമതി.സുഭദ്രാ സതീശൻ, പ്രൊഫ.യു. ജയപ്രകാശ്, ശ്രീ.എസ്.വി. അയ്യർ, ശ്രീ.സിറാജ് കൊടുവായൂർ, കുമാരി ഐശ്വര്യ കേനാത്ത്, ശ്രീ. അജ്മൽ എച്ച്, കുമാരി സ്വാലിഹ, ശ്രീ.അശ്വിൻ, കുമാരി നവിത, ശ്രീ.ടി.വി. രാഹുൽ രാജ്, ശ്രീ. പല്ലാവൂർ ഉണ്ണികൃഷ്ണൻ, ശ്രീ. ബാസി പുനലൂർ, ശ്രീ. മധു അലനല്ലൂർ, ശ്രീ.മുരളി എസ്. കുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

© O. V. Vijayan Memorial