‘വർണ്ണാഭം’ സമാപിച്ചു

ഒ.വി. വിജയൻ സ്മാരക സമിതിയും തിരുവാലത്തൂർ കലാലയവും സംയുക്തമായി കുട്ടികൾക്കായി മെയ് 12,13 തിയ്യതികളിലായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് ‘വർണ്ണാഭം’ സമാപിച്ചു. തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വച്ച് നടന്ന ദ്വിദിനക്യാമ്പ് ആദ്യദിനമായ മെയ് 12ന് പ്രശസ്ത ചിത്രകാരിയും കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടിവ് അംഗവുമായ ശ്രീമതി. ശ്രീജ പള്ളം ഉദ്ഘാടനം ചെയ്തു. വർണ്ണങ്ങൾ സമൂഹത്തിലെ അനീതികൾക്കെതിരെ പ്രയോഗിക്കേണ്ട ആയുധങ്ങളായി മാറേണ്ടതുണ്ട് എന്ന് ഉദ്ഘാടനംചെയ്ത് താൻ വരച്ച ‘ആസിഫയുടെ നീതിയ്ക്കുവേണ്ടി’ എന്ന ചിത്രത്തിലൂടെ ശ്രീജ പള്ളം രേഖപ്പെടുത്തി. ഒ.വി. വിജയൻ സ്മാരക സമിതി അംഗവും കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി. എസ്.ശൈലജ അദ്ധ്യക്ഷയായി.

ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കാരിക്കേച്ചർ, കാർട്ടൂൺ, ഓയിൽ പെന്റിംഗ് എന്നീ വിഷയങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ കോഴിക്കോട് ‘ബിയോണ്ട് ദി ബ്ളാക്ബോർഡ്’ എന്ന ചിത്രകലാ അദ്ധ്യാപക കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീ. കൃഷ്ണൻ പാതിരിശ്ശേരി, ശ്രീ. ഹാറൂൺ അൽ ഉസ്മാൻ, ശ്രീ. സുരേഷ് ഉണ്ണി പൂക്കാട്, ശ്രീ. സതീഷ്‌കുമാർ പാലോറ, ശ്രീ. സിഗ്നി ദേവരാജ് എന്നിവർ നേതൃത്വം കൊടുത്തു. ഇവർ ഒ.വി വിജയന്റെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കി വരച്ച കാൻവാസ്‌ ഒ.വി. വിജയൻറെ സ്മരണകൾക്കുമുൻപിൽ സ്മാരകത്തിനായി സമർപ്പിച്ചു. ചിത്രം സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ ഏറ്റുവാങ്ങി. രണ്ടാം ദിനമായ മെയ് 13ന് വൈകുന്നേരം ക്യാമ്പംഗങ്ങൾ സെഷനുകൾ വിലയിരുത്തി സംസാരിച്ചു. വീണ്ടും അടുത്ത ക്യാംപിൽ കണ്ടുമുട്ടാം എന്ന പ്രതീക്ഷയും സൗഹൃദവും പങ്കുവെച്ചാണ് കുട്ടികൾ മടങ്ങിയത്.

© O. V. Vijayan Memorial