എഴുത്തിൽ തമാശകൾ അന്തരിച്ച കാലം : ഡോ.പി.കെ. രാജശേഖരൻ

തസ്രാക്ക്: എഴുത്തിലും സാഹിത്യത്തിലും തമാശകൾ ഏതാണ്ട് അന്തരിച്ച കാലമാണെന്നും തമാശ പറയുന്നവർ ഏതെങ്കിലും ഒന്നിന്റെ വിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നെന്നും സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ഡോ.പി.കെ. രാജശേഖരൻ. വി.കെ.എന്നെയും വിജയനെയും പോലെ വിധ്വംസകമായ ഫലിതങ്ങൾ പറഞ്ഞിരുന്നത് ഇന്നായിരുന്നെങ്കിൽ അവഹേളിതരാവുമായിരുന്നു.

തസ്രാക്കിൽ ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുടെ ലോകമാണ് രചയിതാവായ ഒ.വി. വിജയൻ ഖസാക്കിൽ സൃഷ്ടിച്ചിടുന്നത്. സമൂഹവും രാഷ്ട്രവും ബഹുസ്വരതയുടെ പ്രാധാന്യം തിരിച്ചറിയേണ്ട സമയം കൂടിയാണിത്.

ഖസാക്കിന്റെ ഇതിഹാസം വളരെയധികം അസൂയാലുക്കളെയും ശത്രുക്കളെയും സൃഷ്ടിച്ച കൃതിയായിരുന്നെങ്കിലും ഓരോ തലമുറയ്ക്കും ഇത് പുതുതായി വായിക്കാനാവുന്നുണ്ട്. ജാതിവ്യവസ്ഥയെ വിജയൻ വെറും തമാശയായാണ് കണ്ടത്.

പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി 27.01.2019ന് ഒ.വി. വിജയൻ സ്മാരക സമിതി സംഘടിപ്പിച്ച പരിപാടിയിൽ കഥാകൃത്ത് ശ്രീ.ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ. അജയൻ, ശ്രീ. രഘുനാഥൻ പറളി, ശ്രീ. രാജേഷ്‌മേനോൻ തുടങ്ങിയവർ സംസാരിച്ചു.

© O. V. Vijayan Memorial