ഒ.വി.വിജയൻ നോവൽ പുരസ്‌കാരം ശ്രീ. വി.ജെ.ജെയിംസിന്

ഒ.വി. വിജയൻറെ ശാശ്വത സ്മരണക്കായി ഒ..വി.വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ നോവൽ പുരസ്‌കാരത്തിന് ശ്രീ.വി.ജെ.ജെയിംസ് രചിച്ച ആന്റി ക്ലോക്ക് എന്ന നോവൽ അർഹമായി . 25000 രൂപയും പുരസ്‌കാര ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

നോവലിനെ വിലയിരുത്തിക്കൊണ്ട് പുരസ്‌കാര സമിതി ചെയർമാൻ ഇങ്ങിനെ പറയുന്നു.

2018ൽ രചിക്കപ്പെട്ട ആന്റിക്ലോക്ക് വിഭ്രമജനകമെങ്കിലും നമ്മെ ഏറെ രസിപ്പിക്കുന്ന ഒരു പ്രമേയമാണ് ആവിഷ്കരിക്കുന്നത്. ഘടികാരവും മനുഷ്യന്റെ ജീവിതവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് നാം പലപ്പോഴും മറന്നു പോവുന്നു.

ബയോളജിക്കൽ ക്ലോക്ക് എന്നത് ആധുനിക വൈദ്യസംജ്ഞകളിൽ ഏറെ പരിചിതമാവുമ്പോഴും ജനനം തൊട്ടു നാം മരണത്തിലേക്ക് അടുത്ത് വരികയാണെന്ന സംഭ്രമം ആദ്യമായി മലയാളി മനസ്സിലേക്ക് പകരുന്നത് ആനന്ദാണ് ( മരണ സർട്ടിഫിക്കറ്റ്). ഇവിടെ ജെയിംസ് അതിനെ കലാപരമായി ആവിഷ്കരിക്കുമ്പോഴും ആ കാലയളവിനെ , അത് ലഘുവോ വിപുലമോ ആവട്ടെ, ഏറ്റവും സാര്ഥകമായി എങ്ങനെ വിന്യസിക്കാമെന്നാണ് ഊന്നുന്നത്. നിങ്ങള്ക്ക് നൽകപ്പെട്ട സമയത്തെ അർത്ഥവത്തായി വിന്യസിക്കുക, ജീവിക്കുന്ന ഓരോ ദിവസവും നിങ്ങൾ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മാർക്സിന്റെ വാക്കുകൾക്ക് ഏറ്റവും സർഗ്ഗാത്മകമായ തലം നൽകുന്നു എന്നതാണ് ജയിംസിന്റെ ആന്റി ക്ലോക്ക് എന്ന നോവലിന്റെ പ്രസക്തി.

© O. V. Vijayan Memorial