തസ്രാക്ക്: ഒ.വി. വിജയൻ സ്മാരകത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആവർത്തന ധനസഹായം ഉൾപ്പെടെ അനിവാര്യമായ എല്ലാ സഹായങ്ങളും സർക്കാരിൽ നിന്നും ലഭ്യമാക്കുമെന്ന് ബഹു : സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പറഞ്ഞു. ഒ.വി. വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിച്ച ഒ.വി. വിജയൻ സ്മാരക സാഹിത്യപുരസ്കാര ദാനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയൻ വിവിധ മേഖലകളിൽ സർഗാത്മകതയിലും വ്യത്യസ്തതകൾ പുലർത്തിയ പ്രതിഭയാണെന്നും കേരളത്തിലെ ഏറ്റവും മികച്ച സാംസ്കാരിക സ്ഥാപനമാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം സാംസ്കാരിക ലോകത്തിനു ഉറപ്പുനൽകി.
ശ്രീ. എ.പ്രഭാകരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു സംസാരിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. വൈശാഖൻ മുഖ്യ പ്രഭാഷണം നടത്തി. കലുഷമായ കാലം എഴുത്തുകാരുടെ ചിന്തകളെ അവരറിയാതെ തന്നെ സ്വാധീനിക്കുന്നുണ്ടെന്നും, അത്തരത്തിൽ പ്രതിഭ തെളിയിച്ച മൂന്ന് പേരാണ് ഒ.വി. വിജയൻ പുരസ്കാരത്തിനു അർഹമായിരിക്കുന്നത് എന്നും അദ്ദേഹം പുരസ്കാരജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. എഴുത്തുകാർ ശാസ്ത്രീയമായി കൂടി കൃതികളിൽ കൈകാര്യം ചെയ്യാൻ പരിശീലിക്കേണ്ടതുണ്ടെന്നും, അത് എഴുത്തുകാരുടെ ബാധ്യതയാണെന്നും, നിലവിലെ സാമൂഹിക ചുറ്റുപാടുകൾ അത് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം എഴുത്തുലോകത്തെ ഓർമ്മപ്പെടുത്തി.
സ്മാരകത്തെക്കുറിച്ചും പുരസ്കാരങ്ങളെക്കുറിച്ചും സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ വിശദീകരിച്ചു. ഒ.വി. വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ ശ്രീ. സജി ചെറിയാൻ വിതരണം ചെയ്തു. നോവൽ വിഭാഗത്തിൽ ശ്രീ. പി.എഫ്. മാത്യൂസ് (അടിയാളപ്രേതം), ചെറുകഥ വിഭാഗത്തിൽ ശ്രീ.വി.എം. ദേവദാസ് (കാടിനു നടുക്കൊരു മരം), യുവകഥ വിഭാഗത്തിൽ ശ്രീ. നിധിൻ വി.എൻ. (ചാച്ഛൻ) എന്നിവർക്കാണ് പുരസ്കാരം.
പുരസ്കാര ഫലകവും പ്രശസ്തിപത്രവും, നോവലിനും ചെറുകഥക്കും 25000/- രൂപ വീതവും യുവകഥക്ക് 10000/- രൂപയും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീ. ടി.കെ.ശങ്കരനാരായണൻ, ഡോ:പി.ആർ. ജയശീലൻ, ശ്രീ. രാജേഷ്മേനോൻ എന്നിവർ പ്രശസ്തിപത്രങ്ങൾ വായിച്ചു. പദ്മശ്രീ. കലാമണ്ഡലം ശിവൻ നമ്പൂതിരി, ശ്രീ. ആഷാമേനോൻ, ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, പ്രൊഫ: പി.എ. വാസുദേവൻ എന്നിവർ പ്രഭാഷണം നടത്തി. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ധനരാജ്, പഞ്ചായത്തംഗം ശ്രീമതി. അനിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ശ്രീ.ടി.വി. നാരായണൻകുട്ടി വരച്ച ശ്രീ. സജി ചെറിയാന്റെ ഛായാചിത്രം ചിത്രകാരൻ മന്ത്രിക്ക് സമ്മാനിച്ചു.ശ്രീ. പി.എഫ്. മാത്യൂസ്, ശ്രീ.വി.എം. ദേവദാസ്, ശ്രീ. നിധിൻ വി.എൻ. എന്നിവർ മറുമൊഴി പറഞ്ഞു. സ്മാരക സമിതി ചെയർമാൻ ശ്രീ. ടി.കെ.നാരായണദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ. മനോജ് വീട്ടിക്കാട് നന്ദിയും പറഞ്ഞു. ഒ.വി. വിജയന്റെ കഥയുടെ ചൊൽക്കാഴ്ച ശ്രീ.എം. ശിവകുമാർ മാസ്റ്റർ അവതരിപ്പിച്ചാണ് പുരസ്കാരം സമർപ്പണ യോഗം ആരംഭിച്ചത്.