തസ്രാക്ക്: കവിതാരചന പരിശീലനം മാത്രമല്ല, വലിയ ഉത്തരവാദിത്വം കൂടിയാണെന്ന് പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവൻ പ്രസ്താവിച്ചു. യന്ത്രങ്ങളിൽ ചുരുങ്ങിയ മനുഷ്യത്വത്തെ തിരിച്ചുപിടിക്കാൻ സാംസ്കാരിക പ്രവർത്തകർ നടത്തിയ ശ്രമമാണ് ആധുനികതയെന്നും ചിത്രകലയിലൂടെയാണ് ഇത് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളകവിതയിൽ ആധുനികത തുടങ്ങിവെച്ചത് അയ്യപ്പപ്പണിക്കരാണ്. അനന്തമായ അസ്വസ്തതയും നിഗൂഢതയുടെ ചാരുതയും നിതാന്തമായ ആഹ്ളാദത്തോടൊപ്പം പകർന്നുതരുന്ന അദ്ദേഹത്തിൻറെ കവിതകൾ സദാ ഉണർന്നിരിക്കാൻ, നിത്യജാഗ്രത പുലർത്താൻ നമ്മെ അനുശാസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ഓ.വി. വിജയൻ സ്മാരക സമിതി, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട അയ്യപ്പപ്പണിക്കർ കാവ്യപരിശീലന കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികത, ആധുനികതാവാദം എന്നീ സംജ്ഞകളെ മുൻനിർത്തിയാണ് ശ്രീ. എൻ.എസ്. മാധവൻ കളരിയിലെ അംഗങ്ങൾക്കുവേണ്ടി പ്രഭാഷണം നടത്തിയത്. മലയാള ഗദ്യ-പദ്യ ശാഖകളുടെ ഒരു ചരിത്രം അവതരിപ്പിക്കുകയും അതോടൊപ്പം അയ്യപ്പപ്പണിക്കർ എന്ന കവിയെ അടയാളപ്പെടുത്തുകയും ചെയ്ത അദ്ദേഹം സാഹിത്യം, എഴുത്ത് എന്നിവയെ ചരിത്രപരമായി അപഗ്രഥിക്കുകയുണ്ടായി. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി ശ്രീ. പ്രിയദാസ് ജി. മംഗലത്ത് കളരിയുടെ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ശ്രീ. ടി.ആർ. അജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ. ടി.കെ. നാരായണദാസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. റഷീദ് കണിച്ചേരി നന്ദി പറഞ്ഞു.
തുടർന്ന് നടന്ന കളരി പ്രതിനിധികളുടെ കാവ്യാവതാരണവും വിലയിരുത്തലും കളരി ഡയറക്ടർ ശ്രീ. പി.ആർ. ജയശീലന്റെ അദ്ധ്യക്ഷതയിൽ നടക്കുകയുണ്ടായി. ക്യാമ്പംഗങ്ങളുടെ കവിതകളുടെ വിലയിരുത്തൽ ശ്രീ. രാജേഷ്‌മേനോൻ, ശ്രീ. രാഘുനാഥൻ പറളി, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവർ നിർവ്വഹിച്ചു. ചടങ്ങിന് ശ്രീ. കെ.പി. രമേഷ് സ്വാഗതവും ശ്രീ. എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു. തുടർന്ന്, ‘അയ്യപ്പപ്പണിക്കർ – കവിതയും ജീവിതവും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ. സജയ് കെ.വി. സംസാരിച്ചു. ഓരോ കവിതയിലും വിഭിന്നങ്ങളായ ഓരോ കവിയായിത്തീരാൻ അയ്യപ്പപ്പണിക്കർക്ക് കഴിഞ്ഞുവെന്ന് സജയ് കെ.വി. പറഞ്ഞു. ‘ഗോപികാദണ്ഡകം’ എഴുതിയ കവിതന്നെ ‘ശ്യാമം’ എന്ന കവിതയും എഴുതിയത്. അതിൽനിന്ന് വിദൂഷകഭാവങ്ങൾ നിറച്ച അയ്യപ്പപ്പണിക്കർ കൂടുതൽ വായിക്കേണ്ടതുണ്ട്. ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം അദ്ധ്യക്ഷനായി. ശ്രീ. പി.വി. സുകുമാരൻ സ്വാഗതവും പ്രൊഫ. സോമശേഖരൻ നന്ദിയും പറഞ്ഞു.
തുടർന്ന് ‘മലയാള കവിത – ഇന്നലെ, ഇന്ന്’ എന്ന വിഷയത്തിൽ ശ്രീ. പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. ശ്രീ. ആഷാമേനോൻ സമാപന പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കളരി അംഗങ്ങൾക്കുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രശ്‍നോത്തരി – കാവ്യാലാപന – ലേഖന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം ശ്രീ. ആഷാമേനോൻ നിർവ്വഹിച്ചു. സമാപന സമ്മേളനത്തിന് പ്രൊഫ. സി.പി. ചിത്രഭാനു സ്വാഗതവും ശ്രീ. കെ.പി. രമേഷ് നന്ദിയും പറഞ്ഞു.