കേരളത്തെ പിന്നോട്ടു തിരിച്ചു നടത്തുന്നത് അസ്വസ്ഥപ്പെടുത്തുന്നു : ഡോ.  എസ്.കെ. വസന്തൻ

ഒ വി വിജയൻ സ്മാരക സമിതി തസ്രാക്കിൽ നടത്തുന്ന ഒ വി വിജയൻ സ്മൃതി പ്രഭാഷണത്തിൻറെ ഭാഗമായി 14.10.2018ന് ‘നവോത്ഥാനവും മലയാളി സമൂഹവും’ എന്ന വിഷയത്തിൽ സാഹിത്യ വിമർശകൻ ഡോ. എസ്.കെ. വസന്തൻ പ്രഭാഷണം നടത്തി.
മനുഷ്യന് മാറു മറയ്ക്കാനുള്ള അവകാശത്തിനായി നടന്ന ചാന്നാർ കലാപത്തിലൂടെ തുടങ്ങി കേരളീയ ജീവിതത്തെ വലിയ പുരോഗതിയിലേക്കു നയിക്കുകയാണ് നവോത്ഥാനകാലം ചെയ്തത്. യോഗക്ഷേമസഭയിലൂടെ സ്ത്രീകൾ ആദ്യമായി നേതൃരംഗത്തുവന്നു. മിശ്രഭോജനം ആ ചരിത്രത്തിലെ പ്രധാന ഏടായി മാറി.
എത്രയോ കാലംകൊണ്ട് ഉണ്ടാക്കിയ നവോത്ഥാനത്തിൻറെ നേട്ടങ്ങളിലൂടെ മുന്നോട്ടുനടന്ന കേരളത്തെ പിന്നോട്ടു തിരിച്ചു നടത്തുന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്നലെ ചെയ്തോരബദ്ധങ്ങൾ ആചാരമാവുന്നു’വെന്ന കവിവചനം അന്വർത്ഥമായിരിക്കുകയാണ്. വ്യക്തിപരമായ ദുഖത്തെയല്ല, പൊതുസമൂഹത്തിൻറെ ദുഖങ്ങളിൽ വേദനിച്ചവരാണ് ചരിത്രം മാറ്റിയത്. ആ തലമുറയുടെ നന്മകൾ വീണ്ടെടുക്കണമെന്നും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സദസ്സുമായി ആരോഗ്യകരമായ ചർച്ച നടന്നു.
സ്മാരക സമിതി ചെയർമാൻ ശ്രീ. ടി. കെ. നാരായണദാസ് അധ്യക്ഷനായി. ശ്രീ. ടി ആർ അജയൻ, ശ്രീ. പി.എ. വാസുദേവൻ, ശ്രീ. ടി.കെ. ശങ്കരനാരായണൻ, ഡോ. ശുദ്ദോദനനൻ എന്നിവർ സംസാരിച്ചു. ശ്രീ. പി. ആർ. ജയശീലൻ സ്വാഗതവും ശ്രീ. രാജേഷ് മേനോൻ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial