തസ്രാക്ക്: സാംസ്കാരിക ലോകത്തിനു പുതിയ സമ്മാനമായി ഒ.വി. വിജയൻ സമാരകത്തിന്റെ പൂമുഖത്ത് ഇനി വിജയൻ ഉണ്ടാകും. അഹല്യ ഹെറിറ്റേജ് വില്ലേജ് സ്മാരക സമിതിക്ക് സംഭാവന നൽകിയ, ശ്രീ.രഞ്‌ജിത്ത് ശിവറാം നിർമ്മിച്ച വിജയൻറെ ജീവൻ തുടിക്കുന്ന പ്രതിമ ബഹുമാനപ്പെട്ട കേരള സാംസ്കാരിക നിയമ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ അനാച്‌ഛാദനം ചെയ്തു. നോവലിൽ രവി ബസ് ഇറങ്ങിയ കൂമൻകാവിൽ സ്മാരക സമിതി നിർമ്മിച്ച വഴിയമ്പലവും മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു. വിജയൻറെ വായനക്കാർക്ക് ചേക്കേറാൻ പുത്തൻ സംവിധാനങ്ങളും സൗകര്യങ്ങളുമായി ഓ.വി. വിജയൻ സ്മാരകം കൂടുതൽ മിനുങ്ങിക്കഴിഞ്ഞു. വിജയൻറെ നോവലുകളെ പ്രതിനിധീകരിക്കുന്ന ഇരിപ്പിടങ്ങൾ സ്മാരകത്തിൽ പുതിയതായി ഒരുങ്ങിക്കഴിഞ്ഞു. ഒ.വി.വിജയൻ ലൈബ്രറി, കോട്ടേജുകൾ, കാർട്ടൂൺ ഗാലറി എന്നിവ അടുത്തഘട്ട പ്രവർത്തനങ്ങളിൽ ഉടൻ തന്നെ സജ്ജമാകും. 11/09/2017നു തസ്രാക്കിലെ ഓ.വി. വിജയൻ സ്മാരകത്തിൽ നടന്ന ഉദ്ഘാടനയോഗത്തിൽ സ്മാരക സമിതിയുടെ പുതിയ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ പ്രഖ്യാപിച്ചു. സമിതി ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കളക്ടർ ഡോ. പി. സുരേഷ്ബാബു, ശ്രീ. മുണ്ടൂർ സേതുമാധവൻ, ശ്രീ. ആഷാമേനോൻ, പ്രൊഫ. പി.എ. വാസുദേവൻ, അഹല്യ ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ ഡോക്ടർ ആർ.വി.കെ. വർമ്മ, കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്. ഷൈലജ, പഞ്ചായത്ത് അംഗം ശ്രീ. എസ്. സുകുമാരൻ എന്നിവർ സംസാരിച്ചു. പ്രൊഫ. സി.പി. ചിത്രഭാനു സ്വാഗതവും ശ്രീ. റഷീദ് കണിച്ചേരി നന്ദിയും പറഞ്ഞു.
ഞാറ്റുപുരയുടെ പൂമുഖത്ത് ഇനിമുതൽ വിജയനുണ്ടാകും
