വിജയനിലെ പ്രതിഭ കാലങ്ങളെ ഭേദിക്കുന്നത് : പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ

വിജയനിലെ പ്രതിഭ കാലങ്ങളെ അതിജീവിക്കുന്നതാണെന്ന് പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ. അറുപതുകളിൽ ‘ഖസാക്കിന്റെ ഇതിഹാസം’ ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന കാലഘട്ടത്തിൽ ആവേശപൂർവ്വം വായിച്ചതും അന്നുതന്നെ സുഹൃത്തുക്കളുമായി ഒരു അത്ഭുതം സാഹിത്യലോകത്ത് സംഭവിക്കുന്നു എന്ന് പങ്കുവെച്ചതുമായ ഓർമ്മ അദ്ദേഹം അയവിറക്കി.

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഓ.വി. വിജയൻ സ്മാരകത്തിൽ ആർട്ടിസ്റ് ഭട്ടതിരിയുടെ ‘ഖസാക്ക് – കാലിഗ്രാഫി’ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖസാക്കിന്റെ വ്യത്യസ്ത ഭാഗങ്ങളെ കോർത്തിണക്കി ഭട്ടതിരി വരച്ച 30 കാലിഗ്രാഫികളാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. ബഹുമാനപ്പെട്ട പാലക്കാട് എം.പി. ശ്രീ.വി.കെ. ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ് ഭട്ടതിരി കാലിഗ്രാഫിയെ അവതരിപ്പിച്ച് സംസാരിച്ചു. ശ്രീ. മുണ്ടൂർ സേതുമാധവൻ ആർട്ടിസ്റ് ഭട്ടതിരിക്ക് ഉപഹാരം സമർപ്പിച്ചു.

സ്മാരകത്തിലെ ഒ.വി. വിജയൻ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയാണ് പരിപാടി ആരംഭിച്ചത്.

© O. V. Vijayan Memorial