തസ്രാക്ക് : ഒ.വി.വിജയനെ ലോകം അറിയുന്നത് എഴുത്തുകാരൻ എന്നതിനേക്കാൾ ശക്തനായ കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ആണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കവിയുമായ ശ്രീ. കെ.സച്ചിദാനന്ദൻ. അത് തന്റെ വിവിധ ലോക യാത്രകളിൽ തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും, വാക്കുകളെ പോലെ തന്നെ വരകളെയും ശക്തമായി ആവിഷ്കരിച്ച സർഗ്ഗധനനാണ് വിജയൻ എന്നും അദ്ദേഹം പറഞ്ഞു. ഒ.വി.വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിച്ച ‘മൊഴിയുടെ ചില്ലുജാലകങ്ങൾ’ വിജയൻ ജന്മദിനാഘോഷം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ. കെ.സച്ചിദാനന്ദൻ. സ്മാരക സമിതി ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ബിനുമോൾ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എം. പത്മിനി, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ ധനരാജ്, ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ശ്രീ. രഘുനാഥൻ പറളി, ഡോ: സി.ഗണേഷ്, കൊടുമ്പ് ഗ്രാമപഞ്ചായത്തംഗം ശ്രീമതി. അനിത എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയെ, ഒ.വി.വിജയൻ സ്മാരക സമിതിയുടെ ആദരം ശ്രീ.കെ.സച്ചിദാനന്ദൻ സമർപ്പിച്ചു. സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ.അജയൻ സ്വാഗതവും, ശ്രീ. സി.പി.പ്രമോദ് നന്ദിയും പറഞ്ഞ ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് ശ്രീ. എം.ശിവകുമാർ ഒ.വി.വിജയന്റെ ‘ചെറുപ്രാണികൾ’ എന്ന കഥ വായിച്ചും, വിജയന്റെ പ്രതിമയിൽ എല്ലാവരുടെയും പുഷ്പാർച്ചനയോടെയുമാണ്.