വിജയ സ്മരണകൾ ദീപ്തമാക്കി ‘വെക്കാനം ‘ രണ്ടാം ദിനം

തസ്രാക്ക് : ഇതിഹാസകാരന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തോടനുബന്ധിച്ചു ഒ.വി.വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിക്കുന്ന ‘വെക്കാനം ‘ രണ്ടാം ദിനം പ്രൗഢഗംഭീരമായി. രാവിലെ നടന്ന ഉദ്‌ഘാടന സമ്മേളനം ബഹു.കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ബഹു.മലമ്പുഴ എം.എൽ.എ ശ്രീ.എ.പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ.വി.വിജയന്റെ ‘കടൽ തീരത്തെ’ ആസ്പദമാക്കി പാലക്കാട് മേഴ്‌സി കോളേജ് ആംഗലേയവിഭാഗം വിദ്യാർഥികൾ ചെയ്ത ദൃശ്യാവിഷ്കാരത്തോടെയാണ് ആരംഭിച്ചത്.കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആർ.ധനരാജ് ആശംസകൾ അർപ്പിച്ച സംസാരിച്ചു. ശ്രീ.ടി.വി.നാരായണൻകുട്ടി ചെയ്ത ഒ.വി.വിജയൻ ചിത്രങ്ങളുടെ കൊളാഷ് സ്മാരകസമിതിക്കുവേണ്ടി ബഹു.കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടി ഏറ്റുവാങ്ങി.
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ ഞാറ്റുപുര വാങ്മയങ്ങൾ’ – ഒ.വി.വിജയൻ സ്മാരകത്തിൽ നടന്ന സ്‌മൃതി പ്രഭാഷണങ്ങളുടെ സമാഹാരം ഡോ.കെ.എസ്.രവികുമാർ സ്മാരകസമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസിന് നൽകി പ്രകാശനം നിർവഹിച്ചു. ഡോ.പി.ആർ.ജയശീലൻ പുസ്തക പരിചയം നടത്തി. ‘സി.വി.ശ്രീരാമൻ കഥകൾ – പഠനം’ എന്ന ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഡോ.പി.ആർ.ജയശീലൻ രചിച്ച പുസ്തകം ഡോ.പി.കെ.രാജശേഖരൻ ശ്രീ.എ.പ്രഭാകരൻ.എം.എൽ.എ. ക്കു നൽകി പ്രകാശനം ചെയ്തു.ശ്രീ.മനോജ് വീട്ടിക്കാട് പുസ്തക പരിചയം നടത്തി. തുടർന്ന് , മുണ്ടൂർ യുവക്ഷേത്ര മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർത്ഥിനി നീതു.എ.ആർ. ‘ഖസാക്കിന്റെ ഇതിഹാസം – ഒരു പുനർവായന’ എന്ന വിഷയത്തിൽ പ്രബന്ധ അവതരണം നടത്തി. യോഗത്തിൽ ശ്രീ.നിധിൻ കണിച്ചേരി നന്ദി പ്രകാശിപ്പിച്ചു.ഒ.വി.വിജയന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിൽ ശ്രീ.രാജേഷ് അടയ്ക്ക പുത്തൂർ നൽകിയ തൊണ്ണൂറ്റി മൂന്ന് വൃക്ഷതൈകൾ പരിപാടിയിൽ വിതരണം ചെയ്തു.

© O. V. Vijayan Memorial