വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമാണ്; വേണ്ടത് സ്നേഹവും പാരസ്പര്യവും: ഷൗക്കത്ത്
തസ്രാക്ക്: അപരന്റെ ജീവിതത്തിലേക്കുള്ള തുറിച്ചുനോട്ടങ്ങളിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഇത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമാണെന്നും സ്നേഹവും പാരസ്പര്യവുമാണ് ഉണ്ടാവേണ്ടത് എന്നും ഷൗക്കത്ത്. ഒ.വി. വിജയൻ സ്മൃതി പ്രഭാഷണങ്ങളുടെ ഭാഗമായി ‘സ്നേഹത്തിലേക്കു തുറക്കുന്ന വാതിലുകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയുടെ അർത്ഥങ്ങൾ വിശ്വാസങ്ങളും സങ്കല്പങ്ങളുമല്ലെന്നും അത്തരം ആത്മീയതകൾ കപടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ അപരന്റെ ആത്മസുഖത്തിനു വേണ്ടികൂടിയാണ് പുതിയ ചിന്തകൾ ഉയരേണ്ടത് എന്ന് ഓർമിപ്പിച്ച ഷൗക്കത്ത്, ജീവിതത്തിൽ വെന്തുനീറിയ എഴുത്തുകാരനായിരുന്നു ഒ.വി. വിജയൻ എന്നും നിസ്സഹായതകളിലൂടെയായിരുന്നു വിജയൻറെ സഞ്ചാരമെന്നും അദ്ദേഹം ഒ.വി. വിജയനെ അനുസ്മരിച്ചു.
കുമാരി വേദാസ്മിത കവിത ചൊല്ലി പ്രാരംഭം കുറിച്ച പരിപാടിയിൽ ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്തിന്റെ സുഹൃത്ത് ശ്രീമതി. ധർമ്മലക്ഷ്മി സമ്മാനിച്ച ‘സ്നേഹത്തിന്റെ കേക്ക്’ മുറിച്ച് ക്രിസ്തുമസ്-പുതുവത്സരത്തിന്റെ സ്നേഹസന്ദേശം പടർത്തിയാണ് പരിപാടി സമാപിച്ചത്. ശ്രീ. രാജേഷ്മേനോൻ സ്വാഗതവും ശ്രീ. പി.ആർ. ജയശീലൻ നന്ദിയും പറഞ്ഞു.