സമകാലിക ചർച്ചകൾക്ക് വേദിയൊരുക്കി പ്രഭാഷണങ്ങൾ

ഒ.വി. വിജയൻ സ്മാരക സമിതിയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി 2018 നവംബർ 1ന് സംഘടിപ്പിച്ച പ്രതിമാസ സംവാദ പരമ്പരയിൽ ‘ശബരിമല-സുപ്രീംകോടതി വിധിയുടെ നാനാർത്ഥങ്ങൾ’ എന്ന ആശയപശ്ചാത്തലത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു. ‘നവോത്ഥാനവും ജനാധിപത്യവത്കരണവും കേരളത്തിൽ’ എന്ന വിഷയത്തിൽ പ്രൊഫ. എം.എം. നാരായണനും ‘ഭരണഘടനയും തുല്യനീതിയും വിശ്വാസവും’ എന്ന വിഷയത്തിൽ ശ്രീ. സണ്ണി എം. കപ്പിക്കാടും ‘വിശ്വാസസംരക്ഷണവും അതിജീവനവും നവോത്ഥാന വീക്ഷണത്തിൽ’ എന്ന വിഷയത്തിൽ ശ്രീമതി. ഗീത ബക്ഷിയും പ്രഭാഷണം നടത്തി.

സമകാലിക സമൂഹം നേരിടുന്ന സാംസ്കാരിക പ്രതിസന്ധികളും അവ നേരിടുന്നതിൽ പൊതുസമൂഹത്തിനുള്ള ഉത്തരവാദിത്തവും, പുലർത്തേണ്ട ജാഗ്രതയും പ്രഭാഷണങ്ങളിലും തുടർന്നുണ്ടായ സദസ്യരുമൊത്തുള്ള ആരോഗ്യപരമായ സംവാദത്തിലും ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ നടക്കുന്ന അദൃശ്യ ചരടുവലികളെ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന തിരിച്ചറിവ് ചർച്ചയിലെ ശ്രദ്ധേയമായ ഒരു ഭാഗമായി. നവംബർ 1 വൈകുന്നേരം 4:30 മണിമുതൽ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിന് ഒ.വി. വിജയൻ സ്മാരക സമിതിയുടെയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും സെക്രട്ടറിയായ ശ്രീ. ടി.ആർ. അജയൻ അദ്ധ്യക്ഷത വഹിച്ചു. നൂറിലധികം പേർ സദസ്സും ചർച്ചയും പ്രബുദ്ധമാക്കിയ പരിപാടിയിൽ ശ്രീ. രാജേഷ്‌മേനോൻ സ്വാഗതവും ശ്രീ. എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial