ഒ .വി .വിജയൻറെ ജന്മദിനം സമുചിതമായി ആഘോഷിക്കും

പാലക്കാട്: ജൂലൈ രണ്ടിന്റെ ഒ .വി .വിജയൻറെ ജന്മദിനം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ സമുചിതമായി ആഘോഷിക്കാൻ ഒ.വി. വിജയൻ സ്മാരക ഭരണസമിതി തസ്രാക്കിൽ സ്മാരക മന്ദിരത്തിൽ ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനിച്ചു..  ജൂലായ് രണ്ടിനും മൂന്നിനും തസ്രാക്കിലെ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രതിമ അനാച്ഛാദനം, മലമ്പുഴ കനാൽ സമീപത്ത് സമിതി ഒരുക്കുന്ന വഴിയമ്പലത്തിന്റെ ഉദ്‌ഘാടനം, സെമിനാര് ഹാളിന്റെ ഉദ്‌ഘാടനം എന്നിവയും നടക്കും. . വിജയൻറെ കാർട്ടൂണുകളെക്കുറിച്ചും ചെറുകഥകളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും ഉള്ള പ്രഭാഷണങ്ങൾ ആയിരിക്കും പരിപാടിയുടെ പ്രത്യേകത. സാംസ്‌കാരിക വകുപ്പ് മന്ത്രി, ശ്രീ, എ.കെ.ബാലൻ, നിയമസഭാ സ്പീക്കർ ശ്രീ. ശിവരാമകൃഷ്ണൻ, ശ്രീ, എം.ബി.രാജേഷ്.എം.പി , പ്രശസ്ത സാഹിത്യകാരന്മാർ എന്നിവരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
ആഗസ്ററ് മാസത്തിൽ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുമായും സഹകരിച്ച്‌ സംയുക്തമായി 25 വയസ്സുവരെയുള്ള യുവകവികൾക്ക് ഒ.വി. വിജയൻ സ്മാരകത്തിൽവച്ച് കവിതാ ശിൽപ്പശാല സംഘടിപ്പിക്കും.എല്ലാ മാസവും പ്രമുഖ പ്രഭാഷകരെയും സാഹിത്യകാരന്മാരെയും പങ്കെടുപ്പിച്ചു ഒ. വി,വിജയൻ സ്മാരക പ്രഭാഷണങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ഭരണസമിതി അംഗങ്ങളായ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, വൈസ് ചെയർമാൻ ശ്രീ. ആഷാമേനോൻ, പ്രൊഫ. സി.പി. ചിത്രഭാനു, പ്രൊഫ. പി.എ. വാസുദേവൻ, പ്രൊഫ.സി. സോമശേഖരൻ, ശ്രീ. കെ.പി. രമേഷ്, ശ്രീ. എ.കെ. ചന്ദ്രൻകുട്ടി, ശ്രീ. റഷീദ് കണിച്ചേരി, ശ്രീമതി. ജ്യോതിബായ് പരിയാടത്ത്, ശ്രീമതി. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്. ഷൈലജ എന്നിവർ പങ്കെടുത്തു. സമിതി അംഗങ്ങളെല്ലാം സ്മാരകത്തിൽ വൃക്ഷത്തൈ നട്ട ശേഷമാണ് യോഗം പിരിഞ്ഞത്.

© O. V. Vijayan Memorial