ഒ വി വിജയൻ സ്മാരകം ലോകനിലവാരത്തിലുള്ള സ്മാരകമായിത്തീരണം ; ശ്രീ.എം.എ. ബേബി

ഒ വി വിജയൻ സ്മാരകം ലോകനിലവാരത്തിലുള്ള സ്മാരകമായിത്തീരണം ; ശ്രീ.എം.എ. ബേബി

തസ്രാക്ക്: ലോകസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരായ ഷേക്സ്പിയറിന്‍റെയും ഓർ‍ഹാൻ പാമുക്കിന്‍റെയും സ്മാരകങ്ങൾ‍ പോലെ വരുംതലമുറകൾക്കു പഠിക്കാൻ കഴിയുന്ന സ്മാരകമായി കേരളത്തിൽ ഒ.വി. വിജയൻ സ്മാരകം വളരേണ്ടതുണ്ടെന്ന് മുൻ‍ സാംസ്കാരിക വകുപ്പ് മന്തി ശ്രീ.എം.എ. ബേബി പറഞ്ഞു. തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ‍ ‘ഖസാക്കിന്‍റെ ഇതിഹാസം’ സുവർ‍ണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പലതരത്തിൽ‍ വ്യാഖ്യാനിക്കാവുന്ന വിജയൻറെ ആശയങ്ങളുടെ ആകെത്തുകയാണ് ഖസാക്കിന്‍റെ ഇതിഹാസം നമുക്ക് നൽ‍കുന്നതെന്ന് ശ്രീ.എം.എ. ബേബി പറഞ്ഞു. സാധാരണ മനുഷ്യരുടെ വായനയാണ് അതിനെ ഇത്രയും അനശ്വരമാക്കിയതെന്നും, അത്തരം വായനക്കാരുടെ പ്രതിനിധിയായാണ് താനിവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനർ‍ജ്ജനികളുടെയും അവസാനിക്കാത്ത ഉദയാസ്തമനങ്ങളുടെയും കഥയാണ് ഖസാക്ക്. മനുഷ്യന്‍റെ ജീവിതകാലത്തോളം വായിക്കപ്പെടാവുന്ന രചനയാണത്.

സ്മാരക സമിതി ചെയർ‍മാൻ‍ ശ്രീ.ടി.കെ. നാരായണദാസ് അധ്യക്ഷനായി. കേരളത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ത്യക്കു പുറത്തുമായി ഒരു വർ‍ഷം നീളുന്ന ആഘോഷ പരപാടികൾ‍ക്ക് സാംസ്കാരിക വകുപ്പ് അനുമതി നൽ‍കിയതായി സ്മാരകസമിതി സെക്രട്ടറി ശ്രീ.ടി.ആർ‍. അജയൻ പറഞ്ഞു. ജൂൺ‍ 29 ന് സ്മാരകത്തിലെ പുതിയ കെട്ടിടങ്ങൾ‍ ഉദ്ഘാടനം ചെയ്യും. ലെെബ്രറി, ആർട്ട് ഗാലറി, പുസ്തകശാല, ഉപഹാരശാല, കഫറ്റീരിയ തുടങ്ങിയവ ഇതിന്‍റെ ഭാഗമായുണ്ടാകും. ജൂലായ് 1, 2 തിയ്യതികളിൽ‍ ‘ഖസാക്ക് – ഇടവപ്പാതി’ നോവൽ‍ക്യാമ്പ് നടക്കും. വിവിധ അക്കാദമികളുമായിച്ചേർ‍ന്ന് പ്രമുഖർ പങ്കുചേരുന്ന ഖസാക്ക് വായനകളുടെ ചർച്ചകളും കൂട്ടായ്മകളും ഉണ്ടാകും.

ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ.വി. കാർ‍ത്തികേയൻ‍ നായർ‍, കേരള ബുക്ക്മാർക്ക് സെക്രട്ടറി ശ്രീ.എ.ഗോകുലേന്ദ്രൻ‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീമതി.എസ്. ഷെെലജ, പ്രൊഫ:പി.എ വാസുദേവൻ‍, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം, ശ്രീ.എ.കെ. ചന്ദ്രൻകുട്ടി, ശ്രീ. സുഭാഷ് ചന്ദ്രബോസ്, ശ്രീ. നിതിൻ‍ കണിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീ.ടി.കെ. ശങ്കരനാരായണൻ രചിച്ച പുസ്തകം ‘വഴിപോക്കാൾ‍’ ശ്രീ.എം.എ. ബേബി അംബികാസുതൻ മാങ്ങാടിനു നൽ‍കി പ്രകാശനം ചെയ്തു. ശ്രീ. ആഷാമേനോൻ‍ സ്വാഗതവും ശ്രീ.കെ.പി. രമേഷ് നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial