ഇതിഹാസത്തിന്റെ സ്മരണയിൽ ഖസാക്ക് ശില്പവനം

‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും കോർത്തിണക്കി ഓ.വി. വിജയൻ സ്മാരകത്തിൽ ഇനി ശില്പവനം. ‘തസ്രാക്കിലേക്ക് വീണ്ടും’ പരിപാടിയുടെ ഭാഗമായി മാർച്ച് 30ന് ബഹുമാനപ്പെട്ട കേരള സാംസ്കാരിക – നിയമ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലനാണ് ഖസാക്ക് ശില്പവനം സാംസ്കാരിക കേരളത്തിനായി സമർപ്പിച്ചത്.

ശില്‌പികളായ ശ്രീ. വി.കെ.രാജൻ, ശ്രീ. ജോസഫ് എം. വർഗ്ഗീസ്, ശ്രീ. ജോൺസൺ മാത്യു, ശ്രീ. ഹോചിമിൻ എന്നിവരുടെ തീവ്രപ്രയത്നമാണ് ഖസാക്ക് ശിൽപവനം യാഥാർഥ്യമാക്കിയത്. കേരള സർക്കാർ സാംസ്കാരിക വകുപ്പിനും ഓ.വി. വിജയൻ സ്മാരക സമിതിക്കുമൊപ്പം കേരള ലളിതകലാ അക്കാദമിയുടെയും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നിർമ്മാണ സഹായത്തിലാണ് ശില്പവനം സഹൃദയർക്കായി ഒരുങ്ങിയിരിക്കുന്നത്.

ഞാറ്റുപുരയുടെ മുറ്റത്തുനിന്നും തുടങ്ങി അറബിക്കുളം വരെ ഇരുവശത്തും നടന്നുകാണാവുന്ന തരത്തിൽ നൈസാമലിയും അള്ളാപ്പിച്ച മൊല്ലാക്കയും മൈമൂനയും രവിയും കുഞ്ഞാമിനയുടെ മയിലുമെല്ലാം ശിൽപവനത്തിൽ ഇനി സന്ദർശകരോട് കഥകൾ ചൊല്ലാൻ കാത്തിരിക്കുന്നു.

© O. V. Vijayan Memorial