കഥകൾ കടഞ്ഞു കഥാന്തരം

തസ്രാക്ക്: ഓ.വി. വിജയൻറെ എൺപത്തിയെട്ടാം ജന്മദിനം ജൂലായ് 2, 3 തിയ്യതികളിലായി തസ്രാക്കിലെ ഓ.വി. വിജയൻ സ്മാരക മന്ദിരത്തിൽവെച്ച് വിപുലമായി ആഘോഷിച്ചു. 2/3/17 ഞായർ ഉച്ചയ്ക്ക് 2.30 ന് നടന്ന ഉദ്ഘാടന യോഗം, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വിജയൻറെ കൃതികളിലെ മാനവികതയുടെ ആഴം സാർവ്വദേശീയ തലത്തിൽ പരിശോധിക്കപ്പെടേണ്ട ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യം മുഴുവൻ നേരിടുന്ന ആനുകാലിക പ്രതിസന്ധി വിജയനിലെ ക്രാന്തദർശി ഏറെക്കാലം മുൻപുതന്നെ തന്റെ തൂലികയ്ക്ക് വിധേയ മാക്കിയതിന്റെ മഹത്വവും മലയാളി മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിക്കിച്ചേർത്തു. ശ്രീ. ആഷാമേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കാർട്ടൂണിസ്റ് ഉണ്ണി (വിജയന്റെ കാർട്ടൂണുകൾ), ശ്രീ. ശ്രീജിത്ത് പെരുന്തച്ചൻ (ഓ.വി. വിജയൻറെ ലേഖനങ്ങൾ), പ്രൊഫ: പി.എ. വാസുദേവൻ (വിജയൻറെ ലോകം) എന്നിവർ പ്രഭാഷണം നടത്തി. പ്രൊഫ: സി.പി. ചിത്രഭാനു സ്വാഗതവും ശ്രീ. കെ.പി. രമേഷ് നന്ദിയും രേഖപ്പെടുത്തി.

വൈകുന്നേരം 5.30 ന് നടന്ന ഓ.വി. വിജയൻ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ സാംസ്കാരിക സ്ഥാപനങ്ങൾക്കും മാതൃകയാകുന്ന വിധത്തിൽ ഒ .വി.വിജയൻ സ്മാരകം മാറ്റിയെടുക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം അവർ പ്രകടമാക്കി. ജില്ലാ കളക്ടർ ശ്രീമതി. പി. മേരിക്കുട്ടി ഐ.എ.എസ്. അദ്ധ്യക്ഷയായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്. ഷൈലജ, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. എസ്. സുകുമാരൻ, ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീ. വി. ഷണ്മുഖൻ, അഹാലിയ ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ ഡോക്ടർ ആർ.വി.കെ. വർമ്മ, പ്രശസ്ത ഛായാഗ്രാഹകൻ ശ്രീ. എം.ഡി. മനോജ് എന്നിവർ സംസാരിച്ചു. നാടൻപാട്ടോടു കൂടി ശ്രീ. ജനാർദ്ദനൻ പുതുശ്ശേരി പ്രാരംഭം കുറിച്ച യോഗത്തിൽ ഓ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ അജയൻ സ്വാഗതവും ശ്രീ. റഷീദ് കണിച്ചേരി നന്ദിയും പറഞ്ഞു.

രണ്ടാം ദിനമായ 3/7/17 തിങ്കളാഴ്ച്ച രാവിലെ 10 ന് ഒ .വി.വിജയൻറെ പ്രശസ്ത കഥ ശ്രീമതി ജ്യോതിബായ് പരിയാടത്ത് പ്രാരംഭമായി അവതരിപ്പിച്ചു. പ്രതിമാസ സ്മാരക പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ശ്രീ. ടി.കെ. നാരായണദാസ് നിർവ്വഹിച്ചു.എല്ലാ മാസത്തിലും നടക്കാനിരിക്കുന്ന പ്രഗത്ഭർ പങ്കെടുക്കുന്ന ഒ .വി.വിജയൻ സ്മാരക പ്രഭാഷണങ്ങൾ പുതിയ തലമുറയ്ക്ക് ഏറെ ഗുണം ചെയ്യും വിധമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഡോക്ടർ മുഞ്ഞിനാട് പദ്മകുമാർ ‘ഒ .വി. വിജയൻ – കലയും കാലവും’ എന്ന വിഷയത്തിലും ശ്രീ. രാഘുനാഥൻ പറളി ‘ഒ.വി. വിജയന്റെ രാഷ്ട്രീയവും ദർശനവും’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. ശ്രീ. ടി.കെ. ശങ്കരനാരായണൻ, ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവർ ഒ. വി. വിജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. പ്രൊഫ: പി.എ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ശ്രീ. എ.കെ. ചന്ദ്രൻകുട്ടി സ്വാഗതവും ശ്രീമതി. ജ്യോതിബായ് പരിയാടത്ത് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് 2.30 ന് നടന്ന വിജയൻറെ കഥാലോകത്തെക്കുറിച്ചുള്ള സെമിനാറിന് പ്രാരംഭമായി ശ്രീ. എം.ശിവകുമാർ വിജയൻറെ കഥ അവതരിപ്പിച്ചു സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ. ശ്രീ. മുണ്ടൂർ സേതുമാധവൻ ഖസാക്കിന്റെ ഇതിഹാസം കഴിഞ്ഞാൽ വിജയൻറെ ഏറ്റവും നല്ല രചനകൾ കഥകളാണെന്നു സമർത്ഥിച്ചു. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. വിജു നായരങ്ങാടി, ശ്രീ. പായിപ്ര രാധാകൃഷ്ണൻ, ശ്രീ. പി.ആർ. ജയശീലൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഒ.വി.വിജയൻറെ അപ്രകാശിതമായ ‘അക്ബർ ചക്രവർത്തി’ എന്ന കഥയുടെ കയ്യെഴുത്ത് പ്രതിയും ചില കത്തുകളും ശ്രീ. പായിപ്ര രാധാകൃഷ്ണൻ സമിതി ചെയർ മാൻ ശ്രീ.ടി.കെ.നാരായണദാസിന് കൈമാറി. ശ്രീ. രാജേഷ് മേനോൻ സ്വാഗതവും ശ്രീ. പി.വി. സുകുമാരൻ നന്ദിയും അറിയിച്ചു.

© O. V. Vijayan Memorial