ഭാഷയുടെ ഭിഷഗ്വരന്മാർ വിജയനെ മാതൃകയാക്കണം

പാലക്കാട്: തുള വീണ മലയാള ഭാഷയുടെ ക്ലാവും തുരുമ്പും തുടച്ച് ബലഹീനതയും സാധ്യതയും തുറന്നുകാട്ടിയ എഴുത്തുകാരനാണ് വിജയനെന്ന് സി.പി.എം. പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. വിജയൻറെ ചരമദിനത്തോടനുബന്ധിച്ച് തസ്രാക്കിൽ നടത്തിത്തിയ  കൂട്ടായ്മയായ ‘തസ്രാക്കിലേയ്ക്ക് വീണ്ടും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ ബാധിച്ച രോഗം എഴുത്തിന്റെ ചികിത്സയിലൂടെ അദ്ദേഹം ഭേദമാക്കി. ഭാഷയുടെ ഭിഷഗ്വരന്മാരായ എഴുത്തുകാർ വിജയനെ മാതൃകയാക്കണമെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു. വിജയൻ എന്ന വ്യക്തിയും എഴുത്തുകാരനും കാർട്ടൂണിസ്റ്റും എന്നും സന്ദേഹിയായിരുന്നു. ആ സന്ദേഹമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളിൽ തെളിഞ്ഞത്. ഖസാക്കിന്റെ ഇതിഹാസം വായിക്കപ്പെട്ടതു പോലെ വിജയൻറെ ഇതര കൃതികളും വായിക്കപ്പെടേണ്ടതുണ്ടെന്നും ബേബി ഓർമിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അദ്ധ്യക്ഷനായി. നടനും സാഹിത്യകാരനുമായ വി.കെ. ശ്രീരാമൻ മുഖ്യാതിഥിയായി.

 

ഫിലാറ്റലിക്  ആൻഡ് ന്യൂമിസ്മാറ്റിക് ക്ലബ് പുറത്തിറക്കിയ ഓ. വി. വിജയൻറെ സ്മാരക സ്റ്റാന്പും വെള്ളിനാണയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി എം.എ. ബേബിക്കു നൽകി പ്രകാശനം ചെയ്തു.

 

കവയിത്രി ജ്യോതിബായ് പരിയാടത്ത് ഖസാക്ക് പാരായണം നടത്തി. വിജയൻറെ സഹോദരിയും കവിയിത്രിയുമായ ഒ.വി. ഉഷ, ആഷാ മേനോൻ, എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ, എം.കെ. ഹരികുമാർ, ഫോട്ടോഗ്രാഫർ കെ.ആർ. വിനയൻ, വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ്, കേരള  സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. കെ.പി. മോഹനൻ, കൊടുമ്പ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷൈലജ, പഞ്ചായത്ത് അംഗം എസ്. സുകുമാരൻ, റഷീദ് കണിച്ചേരി, കെ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.

© O. V. Vijayan Memorial